കലയുടെ പ്രതിഫലനം

On 05 March 2009 0 comments

1

മരവിച്ച ജല്‍പ്പനങ്ങള്‍. 
ചിലമ്പിച്ച ഗദ്ഗദങ്ങള്‍. 
ഉറങ്ങാത്ത തേങ്ങലുകള്‍. 
കരി പുരണ്ട പരിഭവങ്ങളുമായി സ്ത്രീ. 
മകനില്‍ നിന്നും അച്ഛനിലേക്കുള്ള ദൂരം. 
ചുളുങ്ങിയ പാത്രമായി മൂലക്ക് - 
അമ്മ മഴവില്ലുതിര്‍ക്കുന്ന കണ്ണുനീര്‍ കണങ്ങള്‍. 
വൃദ്ധ സദനങ്ങളിലെ വിറയാര്‍ന്ന ചുണ്ടുകള്‍.

2

നാളെയുടെ സ്വപ്നങ്ങളറിയാത്ത- 
ചിയേഴ്സിലൊതുങ്ങുന്ന പുരുഷന്‍. 
മരീചികയുടെ യാഥാര്‍ത്ഥ്യം തേടി മനുഷ്യര്‍.
3
എരിയുന്ന അഗ്നിക്കിടയിലമരുന്ന 
ശലഭങ്ങളായി ബാല്യം. 
കരളിന്റെ കനലെരിയുന്ന കൗമാരം. 
തെറ്റിനെ ശരിയാക്കുന്നവരെല്ലാമോ- 
കൂട്ടുകാര്‍. 
വിരിമാറില്‍ വിരിഞ്ഞമര്‍ന്ന  
ശ്വാസം മുട്ടുന്ന പ്രണയം. 
കറുപ്പിലൊതുങ്ങുന്ന ഓര്‍മ്മകള്‍.
എരിയുന്ന കനലായി സ്നേഹം. 
അര്‍ത്ഥമനര്‍ത്ഥമായി മനസ്സ്
നിങ്ങളെ സ്നേഹിക്കാനാവാതെ യുവത്വം.
4
മനസ്സില്‍ കനലായി മതം.
കലാപഭൂമിയില്‍ നിന്നും . 
ചിറകടിച്ചുയരുന്ന നിലവിളികള്‍. 
മരിച്ചാലുമൊടുങ്ങാത്ത പകയുമായി 
വര്‍ഗ്ഗീയത. 
ശബ്ദം, നഷ്ടപ്പെട്ട 
നിരാശയിലാണ്ട ലോകം. 
ഒടുവില്‍, 
ഗോഡ്സെയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. 
ക്ളൈമാക്സ്!

ഇസ് ലാഹ്

No comments:

Post a Comment